Showing posts with label kothamangalam. Show all posts
Showing posts with label kothamangalam. Show all posts

സംവരണമില്ലാതെ നിലനില്‍ക്കുന്ന സമൂഹമായി പട്ടികജാതി വിഭാഗം മാറുന്ന സാഹചര്യം ഉണ്ടാകണം: പുന്നല ശ്രീകുമാര്‍

കോതമംഗലം: സംവരണമില്ലാതെ നിലനില്‍ക്കുന്ന സമൂഹമായി പട്ടികജാതി വിഭാഗം മാറണമെന്ന്‌ കെപിഎംഎസ്‌ രക്ഷാധികാരി പുന്നലശ്രീകുമാര്‍ അഭിപ്രായുപ്പെട്ടു.
സംവരണം ഇല്ലാതാക്കാനാണ്‌ സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. എല്ലാക്കാലത്തും സംവരണത്തിന്റെ ആവശ്യമില്ല. സമൂഹത്തിന്റെ അടിസ്ഥാന വര്‍ഗ്ഗത്തെ മറ്റ്‌ വിഭാഗങ്ങള്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരാനാണ്‌ ഭരണഘടനയില്‍ സംവരണത്തിന്‌ ശുപാര്‍ശ ചെയ്തത്‌. കെപിഎംഎസ്‌ കോതമംഗലം താലൂക്ക്‌ യൂണിയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ പരിഷ്ക്കരണം ഊര്‍ജ്ജിതമാക്കല്‍, സാമൂഹ്യസന്തുലിതാവസ്ഥ, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ കെപിഎംഎസ്‌ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
കെപിഎംഎസിന്‌ രാഷ്ട്രീയമില്ല, തിരിച്ചറിവിന്റെ രാഷ്ട്രീയമാണ്‌ കെപിഎംഎസിന്റേത്‌. കമ്മ്യൂണിസ്റ്റ്‌ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാകണം. കോണ്‍ഗ്രസ്കാരന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാകണം. ബിജെപിക്കാരന്‍ യഥാര്‍ത്ഥ ബിജെപിക്കാരനാകണം എന്നാണ്‌ രാഷ്ട്രീയത്തെക്കുറിച്ച്‌ കെപിഎംഎസിന്റെ അഭിപ്രായം.
ദേവസ്വം ബോര്‍ഡില്‍ പട്ടികജാതിക്കാര്‍ക്ക്‌ പ്രാതിനിധ്യം വേണമെന്നും, നിയമനങ്ങളില്‍ സംവരണം വേണമെന്നും പുന്നല ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച്‌ കോതമംഗലത്ത്‌ ഇന്നലെ വൈകീട്ട്‌ പ്രകടനവും നടന്നു. കോതമംഗലം കലാഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ ഒ.കെ.പ്രകാശ്‌ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അബുമൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അനുമോള്‍ അയ്യപ്പന്‍, ബിജെപി നിയോകമണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ്‌ പത്മനാഭന്‍, സംഘടനാ നേതാക്കളായ ശശികുഞ്ഞുമോന്‍, ടി.എ.വേണു, കെ.ടി.ധര്‍മന്‍, എം.എഫ്‌.സിനോജ്‌, പി.എം.കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.