പട്ടികവിഭാഗങ്ങളുടെ പേരില്‍ രാഷ്ര്ടീയ മുതലെടുപ്പ് അനുവദിക്കില്ല: പുന്നല ശ്രീകുമാര്‍ 01 May 2012

കോട്ടയം:പട്ടികവിഭാഗങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പരിശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. സാമൂഹിക-രാഷ്ട്രീയ ചൂഷണങ്ങളില്‍ നിന്ന് പട്ടികവിഭാഗങ്ങളെ വിമുക്തമാക്കാനുള്ള പരിശ്രമങ്ങളാണ് കുറച്ച് നാളുകളായി കെ.പി.എം.എസ് കേരളത്തില്‍ നടത്തികൊണ്ടിരിക്കുന്നത്. ഇത്തരം പരിശ്രമങ്ങള്‍ ഇനിയും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. എന്നാല്‍ ഈ വിഭാഗങ്ങളെ വീണ്ടും രാഷ്ര്ടീയ ചൂഷണത്തിന് വിധേയമാക്കാനുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരിശ്രമങ്ങള്‍ വിലപ്പോകുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.എം.എസ് സംസ്ഥാന നിര്‍വ്വാഹകസമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറെ കൊട്ടിഘോഷിച്ച നായര്‍ -ഈഴവ ഐക്യവും, ഈ സമുദായങ്ങള്‍ നേതൃത്വം കൊടുത്ത രാഷ്ര്ടീയ പാര്‍ട്ടികളായ എന്‍.ഡി.പിയുടെയും എസ്.ആര്‍.പിയുടെയും അവസ്ഥ കേരള ജനത കണ്ടതാണ്. വ്യാമോഹങ്ങളില്‍ വഴുതി വീഴുന്നവരല്ല പട്ടികവിഭാഗങ്ങളെന്ന് വെള്ളാപ്പള്ളി നടേശന്‍ തിരിച്ചറിയണമെന്നും പുന്നലശ്രീകുമാര്‍ പറഞ്ഞു. ഈഴവനായ വി.എം സുധിരന്റെ പേര് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് ഉന്നയിക്കുകവഴി വെള്ളാപ്പള്ളി നടേശന്റെ പട്ടികവിഭാഗങ്ങളോടുള്ള ഐക്യത്തിന്‍െയും വീക്ഷണത്തിന്റെയും പൊരുള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവരണം നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന കാരണത്താല്‍ കേരളത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഒരു പട്ടികജാതിക്കാരെപ്പോലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാന്‍ കഴിയാത്തത് ഈ വിഭാഗങ്ങളോടുള്ള രാഷ്ര്ടീയ പാര്‍ട്ടികളുടെ കടുത്ത അവഗണനയാണെന്നും പുന്നലശ്രീകുമാര്‍ പറഞ്ഞു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലൊന്നില്‍ പട്ടികജാതിക്കാരെ പരിഗണിക്കാന്‍ ഇടത്-വലത് മുന്നണികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍ അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി എം.കെ വിജയന്‍, സംഘടനാ സെക്രട്ടറി റ്റി.എസ് രജികുമാര്‍, വര്‍ക്കിങ് പ്രസിഡന്റ് കെ.വിദ്യാധരന്‍, വൈസ് പ്രസിഡന്റ് ശാന്താ ഗോപാലന്‍, അസി:സെക്രട്ടറി കെ. ആറുചാമി, കെ.പി.വൈ.എം ജനറല്‍ സെക്രട്ടറി സി.സി.ബാബു മഹിളാഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വിനോമടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment